നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ മൊഴി മാറ്റിപ്പറയില്ലെന്ന് ഉറപ്പിച്ച് സാക്ഷി: ഒരു സമ്മർദത്തിനും വഴങ്ങില്ല

37

 

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെന്ന് തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശി ജെൻസൺ. കേസിൽ ദിലീപിനെതിരായ മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്‍റ് ഭൂമിയും നൽകാമെന്ന് പ്രതിഭാഗം പറഞ്ഞതായി കാട്ടി ജെൻസൺ തിങ്കളാഴ്ച തൃശ്ശൂർ പീച്ചി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കാരണവശാലും മൊഴി മാറ്റില്ലെന്ന് ജെൻസൺ മാധ്യമങ്ങൾക്ക് മുന്നിലെത്തി പറഞ്ഞത്.

കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി രാവിലെ അറസ്റ്റിലായിരുന്നു. ഒരു സ്വാധീനങ്ങൾക്കും വശപ്പെടില്ലെന്ന് ജെൻസൺ മാധ്യമങ്ങളോട് പറയുന്നു. ദിലീപിനെതിരായ മൊഴി മാറ്റില്ല. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. ദിലീപിന്‍റെ അഭിഭാഷകന്‍റെ നിർദേശപ്രകാരം കൊല്ലം സ്വദേശി നാസർ എന്നയാളാണ് തന്നെ വിളിച്ചത് എന്നാണ് ജിൻസണിന്‍റെ പരാതിയിൽ പറയുന്നത്.