മദ്യം കിട്ടാതായതോടെ ആൾക്കഹോൾ അടങ്ങിയ ഹോമിയോ മരുന്നു കുടിച്ചു: ഒമ്പതുപേർക്ക് ദാരുണാന്ത്യം

32

മദ്യത്തിന് പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ച് ഒമ്പത് പേർ മരിച്ചു. ആറ് പേർ ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. കോർമി ഗ്രാമത്തിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ബിലാസ്പൂർ എസ്പി പ്രശാന്ത് അഗ്രവ പറഞ്ഞു. മദ്യത്തിന് പകരമായി 91 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹോമിയോപ്പതി സിറപ്പ് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പ്രശാന്ത് അഗ്രവ പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ്പറഞ്ഞു. വളരെയധികം അപകടകരമായ പ്രവണതയാണ് ഇതെന്ന് പൊലീസ് അറിയിക്കുന്നു. മദ്യം ലഭിച്ചില്ലെങ്കില്‍ മറ്റ് മരുന്നുകള്‍, സാനിറ്റൈസര്‍ പോലുള്ള ദ്രാവകങ്ങളെല്ലാം ഉപയോഗിക്കപ്പെടുന്നതായി പല റിപ്പോര്‍ട്ടുകളും പലപ്പോഴായി പുറത്തുവരാറുണ്ട്. എന്നാല്‍ എത്രമാത്രം അപകടകരമാണ് ഇതെന്ന് ആളുകള്‍ ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല.
ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് തന്നെയാണ് ഇവയെല്ലാം എത്തിക്കുകയെന്ന് ആരോഗ്യവിദഗ്ധരും ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.