HomeNewsShortസംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം പതിമൂന്നായി; മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം പതിമൂന്നായി; മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്.

വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments