ട്രംപ്-കിം കൂടിക്കാഴ്ച്ചയ്ക്ക്‌ വീണ്ടും വേദിയൊരുങ്ങുന്നു; ഉഭയകക്ഷി ചര്‍ച്ച വിയറ്റ്‌നാമില്‍ നടക്കും

19

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടി വിയറ്റ്‌നാമില്‍ നടക്കും. ഈ മാസം 27, 28 തീയതികളിലാണ് ഉച്ചകോടി തീരുമാനിച്ചിരിക്കുന്നതെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം എന്റെ പ്രതിനിധികള്‍ ഉത്തരകൊറിയയില്‍ നിന്ന് മടങ്ങിയിരിക്കുന്നു. ഫെബ്രുവരി 27,28 തിയതികളില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വിയ്റ്റ്‌നാം തലസ്ഥാനമായ ഹനോയ് വേദിയാകുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അമേരിക്ക ലക്ഷ്യമിടാവുന്ന ആണവമിസൈല്‍ പരീക്ഷിച്ച് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ 2017 ല്‍ ഉത്തരകൊറിയയുമായി യുദ്ധസമാന സാഹചര്യം നിലവില്‍ വന്നിരുന്നു. തുടര്‍ന്ന് നടന്ന നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 ന് സിംഗപ്പൂരില്‍ ഇരു രാഷ്ട്രത്തലവന്‍മാരുടെയും ആദ്യ കൂടികാഴ്ച്ച നടന്നിരുന്നു. ഇരു രാജ്യങ്ങളുെടയും ആണവായുധ നയങ്ങളില്‍ നിര്‍ണായക മാറ്റമാണ് ചര്‍ച്ചയില്‍ നിന്നും ലോകരാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്.