HomeNewsLatest Newsഎല്‍ഡിഎഫ് വിപുലീകരണത്തിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍; ഇടതുമുന്നണി ഇടത്താവളമല്ല

എല്‍ഡിഎഫ് വിപുലീകരണത്തിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍; ഇടതുമുന്നണി ഇടത്താവളമല്ല

ഇടത് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ പാര്‍ട്ടികളെ മുന്നണിയിലെടുക്കാനുള്ള തീരുമാനത്തില്‍ അതൃപ്‌തി പരസ്യമാക്കി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. വര്‍ഗീയകക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്നാണ് വി.എസിന്റെ പ്രതികരണം. സവര്‍ണ മേധാവിത്വവും സ്ത്രീ വിരുദ്ധതയുമുള്ളവര്‍ മുന്നണിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും വി.എസ് പറഞ്ഞു.

കാലഹരണപ്പെട്ട ആചാരണങ്ങളും സവര്‍ണ മേധാവിത്വവും സ്ത്രീ വിരുദ്ധതയും വ‌ര്‍ഗീയതയും വച്ച്‌ പുലര്‍ത്തുന്നവരുടെ ഇടത്താവളമല്ല ഇടത് മുന്നണിയെന്ന് വി.എസ് തുറന്നടിച്ചു. ഇന്ത്യന്‍ ഭരണഘടന വ്യക്തമായി വിശകലനം ചെയ്‌ത് ശേഷം തയ്യാറാക്കിയ ശബരിമല വിധിയെ എതിര്‍ക്കുന്നവരുണ്ട്. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന പ്രസ്‌താവനം നടത്തിയവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്നും ബാലകൃഷ്‌ണപിള്ളയുടെ പേരെടുത്ത് പറയാതെ വി.എസ് വിമര്‍ശിച്ചു.

ഈ പരസ്യ പ്രസ്ഥാവനയിലൂടെ തന്റെ മുൻകാല രാഷ്ട്രീയ നിലപാട് ആവർത്തിക്കുന്നതിനൊപ്പം ഇടതുമുന്നണിയിലും സിപിഐഎമ്മിലും പുതിയ ചർച്ചക്ക് വഴി തുറക്കാൻ ശ്രമിക്കുകയുമാണ് വി എസ് ചെയ്തിരിക്കുന്നത്. ഐഎൻഎൽ വർഗീയ കക്ഷിയാണന്നും അവരുമായി ബന്ധം പാടില്ലന്നും നിലപാട് എടുത്താണ് വിഎസിന്റെ നേതൃത്വത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചേർന്ന് സിപിഐഎം പാലക്കാട് സമ്മേളനത്തിൽ വി ബി ചെറിയാൻ മുതൽ വിശ്വനാഥ മേനോൻ വരെയുള്ളവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വെട്ടിനിരത്തുകയും എംഎം ലോറൻസ് ഉൾപ്പെടെയുള്ള സിഐടിയു വിഭാഗത്തെ ഒതുക്കുകയും ചെയ്തത്. സിപിഐഎമ്മിന് സംഘടനാപരമായി ഏറെ തകർച്ചയുണ്ടാക്കിയ ഒന്നായിരുന്നു ഐഎൻഎൽ ബന്ധം കേന്ദ്രീകരിച്ച് രൂപം കൊണ്ട വിഭാഗീയത. ആ ഐഎൻഎൽ ഇപ്പോൾ എൽ ഡി എഫിലെ ഘടകകക്ഷിയായി. ഇതാണ് വി എസ് ഇപ്പോൾ വർഗീയ കക്ഷികൾക്കുള്ള താവളമല്ല ഇടതുമുന്നണി എന്ന് വിമർശിക്കുന്നതിന്റെ കാരണം.

അതുപോലെ തന്നെയാണ് ബാലകൃഷ്ണപിള്ളയുടെ പേര് പറയാതെ സവർണ്ണശക്തികൾക്കുള്ള താവളമല്ല ഇടതുമുന്നണി എന്ന് പറയുന്നതും.കുടുംബത്തിൽ പിറന്ന സ്ത്രീകളാരും സുപ്രീം കോടതി വിധിയുടെ പേരിൽ ശബരിമലക്ക് പോകില്ല എന്ന് പറഞ്ഞത് ബാലകൃഷ്ണപിള്ളയാണ്. അതാണ് സവർണ മേധാവിത്വവും സ്ത്രീവിരുദ്ധതയും ഉള്ളവർക്കുള്ള താവളമല്ല എന്ന് വി എസ് പറഞ്ഞതിന് പിന്നിൽ. പിള്ളക്കെതിരായ അഴിമതിക്കേസുകൾ നടത്തിയതും പിള്ളയെ ജയിലിൽ അടപ്പിച്ചതും വി എസായിരുന്നു. ഇതും പിള്ളക്കെതിരായ വി എസിന്റെ എതിർപ്പിന്ന് പിന്നിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments