തോമസ് ചാണ്ടി ഹര്‍ജി പിന്‍വലിക്കില്ല; മന്ത്രിയായല്ല,വ്യക്തിയായാണ് ഹർജി നൽകിയതെന്ന് മന്ത്രിയുടെ അഭിഭാഷകൻ കോടതിയിൽ

തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കില്ല. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് മന്ത്രിയോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കുമ്പോള്‍ തീരുമാനം അറിയിക്കാമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. കോടതി നടപടികള്‍ വീണ്ടും തുടങ്ങി. അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൈക്കോടതിയില്‍ നിന്നും എതിര്‍ വിധിയുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും തോമസ് ചാണ്ടിക്ക് പദ്ധതിയുണ്ട്.

മന്ത്രിക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യമെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. സര്‍ക്കാരിനെതിരെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണമാണ്. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ചത് തെറ്റാണ്. മുഖ്യമന്ത്രിയെ മന്ത്രിക്ക് വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാമെന്ന് കരുതേണ്ടെന്നും കോടതി പറഞ്ഞു. നിഷ്കളങ്കനാണെങ്കില്‍ കലക്ടര്‍ക്ക് മുന്നില്‍ തെളിയിക്കണമെന്നുമാണ് കോടതി പറഞ്ഞത്.

തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തത്. നിലം നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തോമസ് ചാണ്ടിയുടെ ഹര്‍ജി അപക്വമെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുട്ടനാട്ടിലെ റിസോര്‍ട്ട് ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

കമ്പനി തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കേണ്ടത് തന്നെയല്ലെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കലക്ടറുടെ റിപ്പോര്‍ട്ട് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതാണ്. കലക്ടര്‍ തോമസ് ചാണ്ടിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ആലപ്പുഴ കലക്ടര്‍ ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ല. തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും മന്ത്രി പറഞ്ഞു.തന്റെ പേര് കലക്ടറുടെ റിപ്പോര്‍ട്ടിലേക്ക് വലിച്ചിഴച്ചത് ആസൂത്രിതമാണെന്നും ആരോപിച്ചു. തന്റെ പേരില്‍ നടപടിക്ക് ശുപാര്‍ശയില്ലെന്ന് മന്ത്രി തോമസ് ചാണ്ടി കോടതിയില്‍ ബോധിപ്പിച്ചു.