വിദേശങ്ങളിലെ അനധികൃത റിക്രൂട്ട്മെൻറും വിസ തട്ടിപ്പും തടയാനായി കേരള സർക്കാർ നോർക്ക റൂട്സുമായി സഹകരിച്ച് ആരംഭിക്കുന്ന ടാസ്ക് ഫോഴ്സ് പ്രവാസികൾക്ക് ആശ്വാസമാകും. റിക്രൂട്ട്മെൻറിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരിൽ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നതായി നോർക്ക റൂട്ട്സ് വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്താനാണ് തീരുമാനം.
തൊഴിൽ തേടുന്ന മലയാളികൾ വിസ തട്ടിപ്പിനും റിക്രൂട്ട്മെൻറ് ഏജൻസികളുടെ കബളിപ്പിക്കലിനും ഇരകളാവുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ തീരുമാനിച്ചത്.
തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻറ്സ് ഉദ്യോഗസ്ഥർ, എൻ.ആർ.ഐ സെൽ പൊലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായി ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചുകൊണ്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.
റിക്രൂട്ട്മെൻറ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള നോർക്കയുടെ ഓപറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം.