ശബരിമലയില്‍ 40 യുവതികളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹിന്ദു സംഘടന ഒരുങ്ങുന്നതായി റിപ്പോർട്ട്; രഹസ്യ റിപ്പോർട്ട് ഇങ്ങനെ:

ശബരിമലയിലേക്ക് പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടന നീക്കം നടത്തുന്നതായി പോലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ പ്രമുഖ ഹൈന്ദവ സംഘടനയായ ഹിന്ദു മക്കള്‍ കക്ഷിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നത്.

ഇതിനുള്ള ഒരുക്കങ്ങള്‍ സംഘടന സംസ്ഥാന പ്രസിഡന്റ് അര്‍ജുന്‍ സമ്ബത്ത്, തിരുവള്ളൂര്‍ ജില്ല പ്രസിഡന്റ് സോമു രാജശേഖര്‍ എന്നിവരാണ് നടത്തുന്നത്. ഒന്നാംഘട്ടത്തില്‍ 40 പേരെ അയക്കുകയാണ് ലക്ഷ്യം. എരുമേലി വാവരുപള്ളിയിലെ പ്രര്‍ത്ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് പോലീസിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലയ്ക്കലിലേയും പമ്ബയിലേയും സന്നിധാനത്തേയും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്പിമാര്‍ക്കും പോലീസ് ദക്ഷിണമേഖലാ എഡിജിപി രഹസ്യ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലേക്ക് എരുമേലി വാവരുപള്ളിയെ കൂടി കൊണ്ടുവന്ന് വിഷയം കൂടുതല്‍ വര്‍ഗ്ഗീയപരമാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തുന്നത്.