അതിരമ്പുഴ-മുണ്ടുവേലിപ്പടി മാർക്കറ്റ് റോഡ് പണി വൈകിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുക: ആം ആദ്മി

21

അതിരമ്പുഴ പഞ്ചായത്തിലെ മാർക്കറ്റ് റോഡും, നീണ്ടൂർ റോഡുമായി ബന്ധിപ്പിക്കുന്ന അതിരമ്പുഴ മുണ്ടുവേലിപ്പടി മാർക്കറ്റ് റോഡിലെ പണിയുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടസ്സപ്പെടുത്തി പൊളിച്ച കലുങ്ക് എത്രയും വേഗത്തിൽ പുനർനിർമ്മിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നു ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കലുങ്ക് പൊളിച്ചിട്ട് ദിവസങ്ങളായിട്ടും അധികൃതർക്ക് അനക്കമില്ല എന്നും ഉദ്ഘാടനസമയത്ത് 30 ദിവസം കൊണ്ട് കലുങ്ക് പണി പൂർത്തിയാക്കും എന്ന ജില്ലാ പഞ്ചായത്ത് ഭാരവാഹികളുടെ വാക്കും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നും യോഗം കുറ്റപ്പെടുത്തി. 17 ലക്ഷം രൂപയാണ് കലുങ്കുപണിക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ, 17 ലക്ഷം രൂപ കൊണ്ട് പണി തീരില്ല എന്ന കാരണം പറഞ്ഞു പണി നിർത്തിവച്ചിരിക്കുകയാണ് എന്ന് യോഗത്തിൽ പറഞ്ഞു.

ഇതിന് പുതിയ ഫണ്ട് അനുവദിച്ച് വരാൻ ഇനിയും താമസമുണ്ട്. അതുവരെ ഈ റോഡ് കലുങ്ക് ഉൾപ്പെടെ പൊളിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്ന ബന്ധപ്പെട്ട അധികാരികൾക്കു എതിരെ നടപടിയെടുക്കണമെന്ന് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശവാസികളായ നാട്ടുകാരും എത്രയും പെട്ടെന്ന് യാത്ര തടസ്സം മാറ്റി പണി പൂർത്തിയാക്കി തരണമെന്ന് ആവശ്യപ്പെട്ടു. പഞ്ചായത്ത് കൺവീനർ ജോയി ചാക്കോ മുട്ടത്തു വയലിന്റെ അധ്യക്ഷതത്തിൽ കൂടിയ യോഗം ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ കൺവീനർ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭാരവാഹികളായ പിജെ ജോസഫ് പാക്കുമല, വർക്കി ജോസഫ്, എം എസ് വിൻസെന്റ്, സജി ഇരിപ്പുമല എന്നിവർ സംസാരിച്ചു.