മനോരോഗിയെന്ന് വിളിച്ചയാളുമായി ഇനി ഒത്തുതീർപ്പില്ല: നിലപാട് വ്യക്തമാക്കി നിർമാതാക്കളുടെ സംഘടന

141

നടൻ ഷെയ്ൻ നിഗം രാജ്യാന്തര ചലച്ചിത്ര മേള വേദിയിൽ നിർമാതാക്കൾക്കെതിരെ നടത്തിയ പ്രസ്താവനയോടെ പ്രശ്നം കൂടുതൽ വഷളായി. ‘നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ’ എന്ന പ്രസ്താവനയോടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇനി സാധ്യതയില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ‘ഒത്തുതീര്‍പ്പ് ചര്‍ച്ച ആവശ്യപ്പെട്ട അമ്മയും ഫെഫ്കയും പറഞ്ഞ കാര്യങ്ങളെല്ലാം ലംഘിക്കുന്ന സമീപനമാണ് ഷെയ്ന്‍ ആവര്‍ത്തിക്കുന്നത്.

നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തില്‍ ഇനി എന്ത് ചര്‍ച്ച ചെയ്യാനാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ച വേണമെന്ന് അമ്മയും ഫെഫ്കയും ആവശ്യപ്പെട്ടപ്പോഴും രണ്ട് വര്‍ഷം മുമ്പ് ഷെയ്ന്‍ കരാര്‍ ചെയ്ത ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ചര്‍ച്ചയാകാമെന്ന നിലപാടാണ് ഞങ്ങള്‍ തീരുമാനിച്ചത്. ആ കരാറിനെയും ഷെയ്ന്‍ ഇപ്പോള്‍ തളളിപ്പറയുകയാണ്.

മര്യാദകേടാണിത്. ഇത്തരം ഒരു സമീപനം ഒരു നടനും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിർമാതാക്കളുടെ സംഘടന ഷെയ്‌നെ വിലക്കിയിട്ടില്ല. ഇത്തരം നിലപാടുളള ഒരാളെ വെച്ച് സിനിമയെടുക്കാന്‍ ഭയമായതിനാല്‍ ഇനി സഹകരണം വേണ്ട എന്ന് തീരുമാനിച്ചു എന്ന് മാത്രം.’ എം. രഞ്ജിത്ത് പറഞ്ഞു.