കർദിനാൾ വിഷയം:പ്രതിഷേധിക്കുന്ന വൈദികർക്കും വിശ്വാസികൾക്കും ശക്തമായ താക്കീതുമായി സീറോമലബാർ സഭu

203

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതല തിരിച്ചു നല്‍കുകയും സഹായമെത്രാന്മാരെ പുറത്താക്കുകയും ചെയ്ത വത്തിക്കാന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ക്കും വിശ്വാസികള്‍ക്കും താക്കീതുമായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡ്. വിഭാഗീയത വളര്‍ത്തുന്ന നടപടികളില്‍ നിന്നും എല്ലാ അതിരൂപത അംഗങ്ങളും വിട്ടു നില്‍ക്കണമെന്നും പരസ്യപ്രസ്താവനകളും ഇടപെടലുകളും ഒഴിവാക്കണമെന്നും സ്ഥിരം സിനഡിലെ മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

ഇന്നലെ ചേര്‍ന്ന സ്ഥിരം സിനഡിനു ശേഷം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളംഅങ്കമാലി അതിരൂപതയില്‍ മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സാഹചര്യങ്ങളും സംഭവികാസങ്ങളും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ചൈതന്യത്തില്‍ എല്ലാവരും സ്വീകരിക്കണം. സഭയുടെ ഐക്യത്തിനും അച്ചടക്കത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സ്ഥിരം സിനഡ് ആവശ്യപ്പെട്ടു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയിലെ ദേവാലയങ്ങളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ കഴിഞ്ഞ ഞായറാഴ്ച ഭൂരി ഭാഗം പള്ളികളിലും വായിച്ചിരുന്നില്ല.