മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു; സംസ്കാരം കണ്ണൂരിൽ

6

മുതിർന്ന ബിജെപി നേതാവും മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി പി മുകുന്ദന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. 76 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. കരള്‍ അര്‍ബുദത്തിന്റെ നാലാം സ്‌റ്റേജിലായിരുന്ന പി പി മുകുന്ദന്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതോടൊപ്പം ശ്വാസകോശ സംബന്ധിയായ ചില ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കുറച്ച് നാള്‍ മുന്‍പാണ് മാറ്റിയത്. രണ്ട് മാസക്കാലമായി അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു. 1946ല്‍ കണ്ണൂരിലെ മണത്തനയിലാണ് പി പി മുകുന്ദന്റെ ജനനം. നടുവില്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടേയും കല്യാണിയമ്മയുടേയും മകനായാണ് ജനനം. ആര്‍എസ്എസ് പ്രചാരകനായാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് പിപി മുകുന്ദന്‍ കടന്നുവരുന്നത്.