വെള്ളപ്പാച്ചിലിനൊപ്പം സെല്‍ഫി; ഗതാഗതക്കുരുക്കിൽ വിങ്ങി റോഡ്; ഒടുവില്‍ ആലുവ പാലത്തിന് ട്രാഫിക് പോലീസ് വക കർട്ടൻ

പെരിയാറിലൂടെ ഒഴുകുന്ന വെള്ളത്തിനൊപ്പമുള്ള സെല്‍ഫിഭ്രമം അതിര് കടന്നപ്പോള്‍ പാലത്തിന് കര്‍ട്ടനിട്ട് ട്രാഫിക് പോലീസ് . നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അതിന്റെ ഗൗരവം മനസിലാക്കാതെ സെല്‍ഫിയെടുക്കാനെത്തിയവരെക്കൊണ്ട് പൊറുതി മുട്ടിയാണ് ട്രാഫിക് പോലീസ് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് കര്‍ട്ടനിട്ടത്. കാഴ്ച കാണാന്‍ പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും കുത്തിയൊഴുകുന്ന പുഴ ചേര്‍ത്ത് ഫോട്ടോയെടുക്കാനുമൊക്കെ ആളുകളുടെ തിരക്കായിരുന്നു.

ഇതേത്തുടര്‍ന്ന് പോലീസ് പാലത്തിന്റെ തൂണുകളില്‍ തുണി ഉപയോഗിച്ച്‌ പെരിയാറിലെ കാഴ്ച മറയ്ക്കുകയായിരുന്നു. ദൃശ്യം കാണാന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ പുഴയിലേക്ക് പോകുന്നത് അപകടത്തിന് കാരണമാകും എന്നതുകൊണ്ട് കൂടിയാണ് ‘കര്‍ട്ടന്‍ പദ്ധതി’ ആവിഷ്‌കരിച്ചതെന്ന് എഎസ്‌ഐ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.