ഇനി അപകടം കൂടാതെ സെൽഫി എടുക്കാം; സെല്‍ഫി പോയിന്‍റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

എഴുപത് റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി പോയിന്‍റുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വേ. ഇതിനുള്ള പ്രൊപോസല്‍ ക്ഷണിച്ചതായി റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. സെല്‍ഫി എടുക്കുന്നതിനിടയില്‍ അപകടം ഉണ്ടാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതിനിടെയാണ് സെല്‍ഫിക്ക് മാത്രം പ്രത്യേക പോയിന്‍റുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ഇതുകൂടാതെ സ്വകാര്യ സഹകരണത്തോടെ അറുനൂറോളം സ്റ്റേഷനുകള്‍ നവീകരിക്കാനും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ലിഫ്റ്റ്‌, എസ്കലേറ്റര്‍, ചുറ്റുമതില്‍ എന്നിവയാണ് പ്രാഥമികമായി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടനറുമാരെ നിയമിക്കാനും ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനിന് മുന്നില്‍ നിന്നെടുക്കുന്ന സെല്‍ഫികള്‍ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നത് തടയുകയാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.