HomeNewsLatest Newsസ്ത്രീകള്‍ കയറിയാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങും: ഉറച്ച തീരുമാനവുമായി ശബരിമല തന്ത്രി

സ്ത്രീകള്‍ കയറിയാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങും: ഉറച്ച തീരുമാനവുമായി ശബരിമല തന്ത്രി

ആചാരലംഘനമുണ്ടായാല്‍ നട അടയ്‌ക്കുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെയെന്ന് തന്ത്രി കണ്‌ഠരര് രാജീവരര്. ‘ആ നിലപാടുകളില്‍ മാറ്റമില്ല. ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ആ ചുമതല നിറവേറ്റുക തന്നെ ചെയ്യും. എന്റെ വാക്കുകള്‍ക്ക് സ്ഥാനമില്ളെങ്കില്‍ ശ്രീകോവില്‍ നടയടച്ച്‌ താക്കോല്‍ കൈമാറി പടിയിറങ്ങുക തന്നെ ചെയ്യും’ -കണ്‌ഠരര് രാജീവരര് പറഞ്ഞു. ഒരു മാദ്ധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്ത്രി ഒരിക്കല്‍ കൂടി തന്റെ നയം വ്യക്തമാക്കിയത്.

‘താന്ത്രികാവകാശം മൂര്‍ത്തിയുടെ പിതാവ് എന്നനിലയില്‍ പ്രതിഷ്ഠയ്ക്കുശേഷം കിട്ടുന്നതാണ്. ദേവനെ ഒരു കുഞ്ഞായാണ് കാണുന്നത്. ദേവന്റെ കാര്യങ്ങള്‍ നടത്തുന്ന പിതൃസ്ഥാനം തന്ത്രിക്കും ലഭിക്കുന്നു. ഇതൊന്നും അറിയാതെയാണ് പല ചര്‍ച്ചകളും നടക്കുന്നത്. ഒരോ ക്ഷേത്രത്തിനും ഒരോ രീതിയുണ്ട്. ആചാരങ്ങളും വ്യത്യസ്‌തമാണ്. ശുദ്ധിയില്‍ അധിഷ്ഠിതമായ താന്ത്രികവിധി പ്രകാരമാണ് കേരളത്തിലെ ക്ഷേത്രച്ചടങ്ങുകളും ആചാരങ്ങളും. ഇവിടെ പൂജാരിമാര്‍ക്ക് മാത്രമാണ് ശ്രീകോവിലില്‍ക്കയറി പൂജനടത്താനുള്ള അധികാരം. ഭക്തര്‍ക്ക് എത്താവുന്ന ഇടംവരെ നിശ്ചയിച്ചിട്ടുണ്ട്. ആര്‍ക്കൊക്കെ വരാം, ഏതുരീതിയില്‍ ആരാധന നടത്താം എന്നൊക്കെ ചിട്ടയുണ്ട്.

പുല, വാലായ്മ, ആര്‍ത്തവം എന്നീ കാലങ്ങളില്‍ ക്ഷേത്രദര്‍ശനം പറ്റില്ല. ഒരോ മൂര്‍ത്തിക്കും പ്രത്യേകതയുണ്ട്. അതിനനുസരിച്ച്‌ അവിടത്തെ പൂജ, ദര്‍ശനക്രമം എന്നിവ ചിട്ടപ്പെടുത്തുന്നു. വ്യക്തികള്‍ക്ക് അശുദ്ധിവന്നാല്‍ ശിവക്ഷേത്രത്തില്‍ പത്തുദിവസത്തിനുശേഷമേ ദര്‍ശനം പറ്റൂ. മറ്റുള്ള മൂര്‍ത്തികള്‍ക്ക് ഇത് വ്യത്യാസമുണ്ട്. ഇതൊക്കെ ഇവിടെ വിശ്വാസികള്‍ ആചരിക്കുന്നു. അടിച്ചേല്‍പ്പിച്ചതല്ല ഇതൊന്നും. ഒരു നിയമവും നിര്‍ദേശിക്കാതെതന്നെ ഇതൊക്കെ തലമുറകളായി വിശ്വാസികള്‍ ആചരിക്കുന്നുണ്ട്. ശബരിമലയുടെ പ്രതിഷ്‌ഠയുടെ പ്രത്യേകത അറിഞ്ഞുവേണം അവിടത്തെ ദര്‍ശനക്രമവും മറ്റും എങ്ങനെയെന്ന് തീരുമാനിക്കാന്‍.

ശബരിമല ശ്രീ അയ്യപ്പന്‍ സന്ന്യാസിയാണ്. നിത്യപൂജയില്ലാത്ത ക്ഷേത്രമാണത്. ഭസ്‌മം അഭിഷേകംചെയ്‌ത്, രുദ്രാക്ഷം ധരിപ്പിച്ച്‌, ജപമാലയണിഞ്ഞ്, യോഗദണ്ഡ് വഹിച്ച്‌ യോഗീഭാവത്തിലാണ് നടയടയ്‌ക്കുന്നത്. 25 ദിവസം കഴിഞ്ഞ് യോഗാവസ്ഥയില്‍നിന്ന് ഉണര്‍ത്തി പൂജകള്‍ നടത്തുന്നു. സന്ന്യാസിയായതുകൊണ്ടാണ് നിശ്ചിതപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ദര്‍ശനവിലക്ക് വന്നത്. അത് വിശ്വാസികളായ സ്ത്രീകള്‍ക്കറിയാം. അവര്‍ ദര്‍ശനത്തിന് വരാത്തത് അതുകൊണ്ടാണ്’ -തന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments