ഗുജറാത്തിൽ നരേന്ദ്രമോദിക്കെതിരെ ‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

15

ഗുജറാത്ത് അഹമ്മദാബാദിലെ വിവിധ പ്രദേശങ്ങളിലായി നരേന്ദ്ര മോഡിക്കെതിരെ ‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ എന്നെഴുതിയ പോസ്റ്ററുകൾ പതിപ്പിച്ച എട്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അഹമ്മദാബാദ് പൊലീസ് അറിയിച്ചു. അറസ്റ്റിലായവർ പാർട്ടി പ്രവർത്തകരാണെന്ന് ഗുജറാത്ത് എഎപി നേതാവ് ഇസുദൻ ഗാധ്വി പറഞ്ഞു. വിഷയത്തിൽ പ്രതികരിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തി. ബിജെപിയുടേത് ഏകാതിപത്യമാണ്. അറസ്റ്റുകളെ ബിജെപി ഭയപ്പെടുന്നുവെന്നും ഇസുദൻ ഗാധ്വി പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ ആംആദ്മി പാർട്ടി രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. എഎപിയുടെ നേതൃത്വത്തിൽ “മോദി ഹഠാവോ, ദേശ് ബച്ചാവോ” എന്ന പ്രചാരണം രാജ്യത്തുടനീളം 11 ഭാഷകളിലാണ് നടത്തുന്നത്. പ്രധാന മന്ത്രിക്കെതിരെ ഡൽഹിയിൽ പോസ്റ്ററൊട്ടിച്ച ആറു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് പ്രസ് ഉടമകളും ഉൾപ്പെട്ടിരുന്നു.