മാർപ്പാപ്പ പങ്കെടുത്ത അബുദാബിയിലെ ദിവ്യബലിയില്‍ മലയാള പ്രാര്‍ത്ഥനയുമായി കോട്ടയം സ്വദേശിനി; അഞ്ജുവിനു ഭാഗ്യം വന്ന വഴി ഇങ്ങനെ:

7

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ചരിത്രം കുറിച്ച അബുദാബിയിലെ സമൂഹ കുര്‍ബാനയില്‍ മലയാളത്തിന്റെ അഭിമാനമായി അഞ്ജു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുത്ത ദിവ്യബലിയില്‍ പല ഭാഷകളില്‍ പ്രാര്‍ത്ഥന ഉയര്‍ന്നപ്പോള്‍ മലയാളത്തില്‍ അത് നിര്‍വഹിച്ചത് അഞ്ജുവായിരുന്നു. അബുദാബി യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനിയായ അഞ്ജു തോമസ് കോട്ടയം ഇരവുചിറ സ്വദേശി തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി അതുല്യ തോമസാണ് സഹോദരി.

ആറ് ഭാഷകളില്‍ വിശ്വാസിയുടെ പ്രാര്‍ത്ഥനാ വചനങ്ങള്‍ മുഴങ്ങിയപ്പോള്‍ മലയാളത്തില്‍ ആ ദൗത്യം നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അഞ്ചുവായിരുന്നു. രണ്ടു തവണ റിഹേഴ്‌സലും പരിശീലനവും നടത്തിയാണ് പ്രൗഢമായ വേദിയിലേക്ക് അവസരമൊരുങ്ങിയത്. മലയാളത്തിന് പുറമെ കൊറിയന്‍, ഫ്രഞ്ച്, തഗലോഗ്, ഉറുദു എന്നീ ഭാഷകളിലും പ്രാര്‍ഥനകളുണ്ടായിരുന്നു.