മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം; ഭർത്താവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്ത് പൊലീസ്

27

മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ ഭര്‍ത്താവ് മെഹ‍്‍നാസ് മൊയ്തുവിനെതിരെ പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. വിവാഹം കഴിക്കുമ്ബോള്‍ റിഫ മെഹ്‍നുവിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയാതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കാക്കൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാര്‍ച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുള്‍പ്പെടെ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച്‌ തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്.

മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെഹ്‍‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.