ഇന്ന് പെസഹ വ്യാഴം: തിരുക്കർമ്മങ്ങൾ അടച്ചിട്ട പള്ളികളിൽ നടക്കും: കാൽ കഴുകൽ ശുശ്രൂഷ ഒഴിവാക്കി

41

ഇന്ന് ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ പെസഹ വ്യാഴം ആചരിക്കുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടാണ് ചടങ്ങുകൾ നടക്കുന്നത്. കാൽകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കലും എല്ലാം ഒഴിവാക്കി. വീടുകളിലെ അപ്പം മുറിക്കൽ വീട്ടുകാർ മാത്രമായി നടത്തണമെന്നും നിർദേശമുണ്ട്.

സമ്പർക്ക വിലക്കുള്ളതിനാൽ തിരുക്കർമ്മങ്ങളിൽ നിന്ന് വിശ്വാസികൾ വിട്ട് നിന്നപ്പോൾ വൈദികരും സഹകാർമ്മികരും ചേർന്നാണ് ശുശ്രൂഷകൾ പൂർത്തിയാക്കിയത്. മിക്ക ദേവാലയങ്ങളിലും ലൈവ് സ്ട്രീമിങ്ങിലൂടെ പെസഹാ കുർബാന വിശ്വാസികൾക്ക് കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. 

കുരിശുമരണത്തിനു മുമ്പ് ശിഷ്യൻമാർക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമയിലാണ് ലോകം. പെസഹ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ രാവിലെ ദിവ്യബലിയും തിരുകർമ്മങ്ങളും നടന്നു. ചടങ്ങുകൾ തത്സമയ സംപ്രേഷണത്തിലൂടെ വീട്ടിലിരുന്ന് വിശ്വാസികൾ പങ്കാളികളായി.

ക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ നാളെ ദുഃഖവെള്ളി ആചരിക്കും. നഗരികാണിക്കൽ പ്രദക്ഷിണം, കുരിശിന്റെ വഴി എന്നിവ ഉണ്ടാകില്ല. ദേവാലയങ്ങളിലെ പാതിരാ കുർബാന ഒഴിവാക്കിയിട്ടുണ്ട്.