തൃശൂരിൽ വയോധികരായ മാതാപിതാക്കളെ മദ്യലഹരിയിലായിരുന്ന മകന്‍ അടിച്ചു കൊന്നു; സംഭവം സ്വത്ത് തർക്കത്തെ തുടർന്ന്

37

തൃശൂരിൽ വയോധികരായ മാതാപിതാക്കളെ മകന്‍ അടിച്ചുകൊന്നു. തൃശൂര്‍ അവിണിശ്ശേരി ഏഴുകമ്ബനി കറുത്തേടത്ത് രാമകൃഷ്ണന്‍ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മദ്യത്തിന് അടിമയായ പ്രദീപ് ഉപദ്രവിക്കുക പതിവായിരുന്നു. പ്രദീപിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഭാര്യയും മക്കളും സ്വന്തം വീട്ടിലാണ് താമസം. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ മദ്യപിച്ചെത്തിയ പ്രദീപ് കമ്ബിപ്പാര ഉപയോഗിച്ചാണ് മാതാപിതാക്കളെ ആക്രമിച്ചത്. രാമകൃഷ്ണന്റെ തലയ്‌ക്കാണ് അടിയേറ്റത്. മകന്റെ ആക്രമണത്തില്‍ അമ്മ തങ്കമണിക്കും ഗുരുതരമായി പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരേയും ഉടന്‍ തന്നെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ രാത്രി പത്ത് മണിയോടെ രാമകൃഷ്ണന്‍ മരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ തങ്കമണിയും മരിച്ചു.