ഗജകേസരി പാറമേക്കാവ് പദ്മനാഭൻ ചരിഞ്ഞു; വിടവാങ്ങുന്നത് തൃശൂർ പൂരത്തിന്റെ തലയെടുപ്പുള്ള കൊമ്പൻ

32

കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. ഒരാഴ്‌ചയായി ശരീര തളർച്ചയെത്തുടർന്ന് ചികിത്സയിലായിരുന്നു. പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർക്കെട്ടിനെത്തുടർന്ന് കഴിഞ്ഞയാഴ്‌ച കുഴഞ്ഞുവീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ചു നിർത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീണു. പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരിലെത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു.

പത്തടിയോളം ഉയരവും ഒത്ത ശരീരവും തലയെടുത്ത് നിൽക്കുന്ന പ്രകൃതവും ശാന്തമായ സ്വഭാവവുമായിരുന്നു പത്മനാഭന്റെത്. ജന്മംകൊണ്ട് ബീഹാറിയായ പത്മനാഭൻ 2005ലാണ് പാറമേക്കാവിന് സ്വന്തമായത്. കേരളത്തിലെത്തി ദിവസങ്ങൾക്കകം തന്നെ എഴുന്നള‌ളിക്കാൻ കഴിഞ്ഞത്ര സ്വഭാവഗുണം പത്മനാഭനുണ്ടായിരുന്നു. നന്തിലത്ത് ഗ്രൂപ്പിൽ നിന്നാണ് പാറമേക്കാവിൽ എത്തുന്നത്. പാറമേക്കാവിന്റെ പകൽപൂരത്തിനും കുടമാറ്റമുൾപ്പടെ ചടങ്ങുകൾക്കും പത്മനാഭനാണ് തിടമ്പേറ്റിയിരുന്നത്. കൊമ്പൻ പാറമേക്കാവ് ശ്രീ പരമേശ്വരൻ ചരിഞ്ഞതിനെ തുടർന്നാണ് പത്മനാഭൻ പാറമേക്കാവിന്റെ പ്രധാന ആനയായത്. നാടിന്റെയും ആനപ്രേമികളുടെയും പ്രിയങ്കരനായിരുന്നു പത്മനാഭൻ.