”എഴുന്നേറ്റ് നിന്നതുകൊണ്ടാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്, ഒപ്പം യാത്ര ചെയ്തിരുന്നവർ ചിതറിത്തെറിച്ചു”; കണ്മുന്നിലെ ഭീകര ദുരന്തം വിവരിച്ച് ഒഡിഷ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപെട്ട മലയാളികൾ

7

ഭീകര ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടലിലാണ് ഒഡിഷ ട്രെയിൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളികൾ. ട്രെയിനില്‍ നില്‍ക്കുകയായിരുന്നതിനാലാണ് രക്ഷപ്പെടാനായത് എന്നാണ് ഇവർ പറഞ്ഞത്. അന്തിക്കാട് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു എന്നിവരാണ് ഓഡീഷ ട്രെയിൻ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന പലരും മരിച്ചു. രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്നാണ് അവര്‍ പറയുന്നത്. ‘കോച്ചില്‍ ഒപ്പം യാത്ര ചെയ്ത ആളുകളില്‍ പലരും മരിച്ചു. നില്‍ക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമര്‍ജൻസി വാതില്‍ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളില്‍ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിന് ശേഷം ഒരു വീട്ടില്‍ അപയം തേടി ‘- അവര്‍ വ്യക്തമാക്കി. ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നിരവധി പേരാണ് നേരില്‍ കണ്ട ദുരന്തം വ്യക്തമാക്കിയത്. കൈകളും കാലുകളും ചിതറിക്കിടക്കുന്ന നിലയിലാണ് എന്നാണ് ഒരാള്‍ പറഞ്ഞത്. ട്രെയിൻ ട്രാക്കില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണെന്നും പറയുന്നു.