മുട്ടില്‍ മരംമുറി കേസ് പ്രതി ജയില്‍ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയതായി പരാതി; ഭീഷണിപ്പെടുത്തിയ പ്രതി റോജിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

32

കേരളത്തിൽ അടുത്തിടെ ഏറെ വിവാദമായ മുട്ടില്‍ മരം കൊള്ളക്കേസ് പ്രതി റോജി അഗസ്റ്റിന്‍ , ജയില്‍ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയാതായി പരാതി. കാരണം വ്യക്തമല്ല. മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ റോജിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രതികളായ ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ മാനന്തവാടി ജയിലില്‍ തന്നെ തുടരും. കഴിഞ്ഞ ജൂലൈയില്‍ പ്രതികളുടെ അമ്മ മരിച്ച സമയത്തും പ്രതികള്‍ കോടതി മുറിയില്‍ പൊലീസിനോട് കയര്‍ത്തിരുന്നു. അമ്മ ഇത്താമയുടെ സംസ്കാര ചടങ്ങില്‍ പൊലീസ് പാടില്ലെന്നായിരുന്നു ഇവരുടെ നിലപാട്. തുടര്‍ന്ന് പ്രതികള്‍ പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രധാന പ്രതികളാണ് സഹോദരങ്ങളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍. ഇവരെല്ലാവരും മരക്കച്ചവടക്കാരാണ്.