ആലപ്പുഴയില്‍ റോഡരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദമ്പതികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

23

ആലപ്പുഴ കൈനകരിയില്‍ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. ദമ്പതികളെ രാത്രി വഴിയില്‍ തടഞ്ഞ് വെച്ചായിരുന്നു സദാചാര ഗുണ്ടാ ആക്രമണം. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ദമ്പതികള്‍ കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊങ്ങ മണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍, കൈനകരി കുട്ടമംഗലം നിഖില്‍ ഭവനില്‍ നരേന്ദ്രന്‍ എന്നിവരെ രാത്രി തന്നെ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരെയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ദമ്പതികള്‍ക്ക് ദുരനുഭവം ഉണ്ടായത്. ബൈക്ക് വഴിയരികില്‍ നിര്‍ത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നാം വാര്‍ഡ് സ്വദേശി വിജി, ഭാര്യ സ്മിത എന്നിവരെ വഴിയാത്രക്കാരായ രണ്ടുപേര്‍ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറയുന്നത് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍, സംശയം ഉന്നയിച്ച് യാത്രക്കാരിരുവരും ചേര്‍ന്ന് ദമ്പതികളെ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. നെടുമുടി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അര മണിക്കൂറിനു ശേഷമാണ് സഹായം ലഭിച്ചത്.