
കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനോടനുബന്ധിച്ച്, റെയിൽവേയുടെ മുതൽ നശിപ്പിച്ചു, അതിക്രമിച്ച് കടക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലായി മുന്നൂറു പേർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ പ്രതിയാണ്. മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിനും കേസ്സെടുത്തിട്ടുണ്ട്. റെയിൽവേ പൊലീസാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി. അടുത്ത മാസം 6 മുതൽ 14 വരെ രാജ്യ വ്യാപകപ്രചാരണം നടത്തും. രാഹുൽ ഗാന്ധി ഒബിസി വിഭാഗത്തെ അപമാനിച്ചെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി നീക്കം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തും.