ജയിലില്‍ സാധാരണക്കാരനെ പോലെ പരിഗണിക്കുന്നു; പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കുന്നില്ല; പരാതിയുമായി ലാലു പ്രസാദ് യാദവ്

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ജയിലിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സിബിഐ ജഡ്ജിന് പരാതി നല്‍കി. ജയിലില്‍ തന്നെ സാധാരണക്കാരനായാണ് പരിഗണിക്കുന്നതെന്നും തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെയും മറ്റുള്ളവരയെും കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നുമാണ് ലാലുവിന്റെ പരാതി. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലുവിനെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ലാലു പ്രസാദ് നല്‍കിയ പരാതിക്ക് സിബിഐ ജഡ്ജി ശിവപാല്‍ സിംഗ് മറുപടി നല്‍കി. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച്‌ മാത്രമെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റ് ജയില്‍ പുള്ളികള്‍ക്ക് അനുവദിക്കുന്നതുപോലെ ജയില്‍ ചട്ടങ്ങള്‍ അനുവദിച്ചു മാത്രമേ ലാലു പ്രസാദ് യാദവിനും സന്ദര്‍ശകരെ അനുവദിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കണമെങ്കില്‍ ലാലുവിനെ ഹസാരീഭാഗിലുള്ള തുറന്ന ജയിലിലേക്ക് മാറാം എന്നും ശിവപാല്‍ സിംഗ് അറിയിച്ചു. എന്നാല്‍ തുറന്ന ജയിലിലേക്ക് മാറാന്‍ ലാലു തയ്യാറായില്ല. തുറന്ന ജയില്‍ നക്സലുകള്‍ക്കുള്ളതാണെന്നും അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ തടവിനു ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് തുറന്ന ജയിലില്‍ പ്രവേശിപ്പിക്കുന്നത്. എന്റെ സമ്മതമില്ലാതെ തുറന്ന ജയിലിലേക്ക് മാറ്റാന്‍ സാധിക്കില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. കാലിത്തീറ്റകുംഭകോണ കേസില്‍ പ്രതിയായ ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്.