ആർത്തവ സമയത്ത് വീട്ടിൽ നിന്നും പുറത്താക്കി; യുവതിക്കും രണ്ടുമക്കൾക്കും ദാരുണാന്ത്യം

15

അശുദ്ധിയുടെപേരില്‍ ആർത്തവ സമയത്ത് വായുസഞ്ചാരമില്ലാത്ത കുടിലില്‍ മാറിത്താമസിക്കേണ്ടിവന്ന നേപ്പാളി വീട്ടമ്മയും രണ്ടുമക്കളും ശ്വാസംമുട്ടിമരിച്ചു. പടിഞ്ഞാറന്‍ നേപ്പാളിലെ ബാജുര ജില്ലയിലാണ് സംഭവം. 35കാരിയായ അംബ ബൊഹാറയും 12ഉം ഒമ്ബതും വയസ്സുള്ള ആണ്‍കുട്ടികളുമാണ് മരിച്ചത്. കനത്ത മഞ്ഞുവീഴ്ചയില്‍ കൂരയില്‍ ചൂട് നിലനിര്‍ത്താന്‍ തീകൂട്ടിയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

മാസമുറക്കാലത്ത് സ്ത്രീകളെ വീട്ടില്‍നിന്ന് ദൂരേയുള്ള കുടിലുകളിലേക്ക് മാറ്റുന്ന പ്രാകൃതരീതി നേപ്പാളില്‍ ഇപ്പോഴും പലയിടത്തും തുടരുന്നുണ്ട്. വായുസഞ്ചാരം തീരെകുറഞ്ഞ ചെറിയ കൂരകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ‘ചൗപഡി’ എന്നാണ് ഇതിനുപറയാറുള്ളത്. ഈ സമയത്ത് അയിത്തം കല്പിക്കപ്പെടുന്നതിനാല്‍ ഇവര്‍ക്ക് സ്വന്തംവീട്ടിലെ ഒരു സാധനവും ഉപയോഗിക്കാന്‍പാടില്ല.

അംബ ബൊഹാറയുടെ ഭര്‍തൃമാതാവ് പിറ്റേന്ന് കൂര തുറന്നപ്പോഴാണ് സംഭവമറിയുന്നത്. ഇവരുപയോഗിച്ച പുതപ്പ് പകുതി കരിഞ്ഞിട്ടുണ്ടെന്നും അംബ ബൊഹാറയുടെ കാലിന് പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് മേധാവി ഉദ്ധവ് സിങ് ഭട്ട് പറഞ്ഞു. ചൗപഡി താമസം സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചിട്ടുമുണ്ട്.