അങ്കമാലിയിൽ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായി; നാളെ വീട്ടിലേക്ക്

20

അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതി. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നാളെ ആശുപത്രി വിടും. സുരക്ഷ മുന്‍ നിര്‍ത്തി അമ്മയേയും കുഞ്ഞിനേയും പുല്ലുവഴിയിലെ സ്‌നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാനാണ് തീരുമാനം. ശസ്ത്രക്രിയക്ക് ശേഷമുള്ള കുഞ്ഞിന്റെ തലയിലുള്ള തുന്നല്‍ ഒഴിവാക്കി. ഓക്‌സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. കുഞ്ഞിന്റെ ദഹന പ്രക്രിയയും സാധാരണ നിലയിലാണ്. കുഞ്ഞ് സാധാരണ ഗതിയില്‍ തന്നെ മുലപ്പാല്‍ കുടുക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നാളെ ഉച്ചക്ക് പന്ത്രണ്ടോടെ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വനിത കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും തീരുമാന പ്രകാരമാണ് കുഞ്ഞിനേയും അമ്മയേയും പുല്ലുവഴിയിലെ സ്‌നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കേസിന്റെ നടപടികള്‍ തീരുന്നത് വരെ അമ്മയും കുഞ്ഞും ഇവിടെ താമസിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞിന്റെ നിലയില്‍ ആശ്വാസകരമായ പുരോഗതിയുണ്ടായിരുന്നു. പെണ്‍കുഞ്ഞായത് കൊണ്ടാണ് അച്ഛന്‍ കൊലപാതകത്തിന് ശ്രമിച്ചത്. കഴിഞ്ഞ പതിനെട്ടാം തിയ്യതി പുലര്‍ച്ചെയായിരുന്നു രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ കട്ടിലിലേക്ക് ഇട്ട് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. വീഴ്ച്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ബോധം പോയിരുന്നു. സംഭവത്തില്‍ അച്ഛന്‍ ഷൈജു തോമസ് റിമാന്‍ഡിലാണ്. കുഞ്ഞ് കട്ടിലില്‍ നിന്ന് വീണെന്നാണ് കുടുംബം ആദ്യം അറിയിച്ചത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയടിച്ചപ്പോള്‍ കൊണ്ടെന്നായിരുന്നു പിന്നീട് പറഞ്ഞത്. കുഞ്ഞിന്റെ തലച്ചോറിന് ചതവ് പറ്റിയിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചിരുന്നു.