മുത്തച്ഛൻ ബസിൽ മറന്നുവെച്ച കുഞ്ഞിന് രക്ഷകരായത്‌ ബസ് ജീവനക്കാർ ! നെടുങ്കണ്ടത്തുനിന്നും നന്മയുടെ പാഠം

30

ബസിൽ മറന്ന് വെച്ച രണ്ട് വയസ്സുകാരൻ ബാലനു രക്ഷകനായത് ബസ് ജീവനക്കാർ. ചതുരംഗപ്പാറ മണത്തോട് 520 നമ്പർ വീട്ടിൽ ചിന്നരാജനാണ് പേരക്കുട്ടി ഋതിക് കുമാറിനെ നെടുങ്കണ്ടത്ത് വെച്ച് അൽഫോൺസാ ബസിൽ മറന്നത്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. സീറ്റിൽ കുട്ടി തനിച്ചിരിക്കുന്നത് കണ്ട് കണ്ടക്ടർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏൽപ്പിക്കുകയായിരുന്നു.

ചിന്നരാജൻ തിരികെ വന്നപ്പോൾ ബസ് കാണാതായതിനെ തുടർന്ന് മറന്നുവച്ച കുട്ടിയെ തപ്പി മുത്തച്ഛൻ തൂക്കുപാലം അടക്കമുള്ള പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുകയും ചെയ്തു. ചിന്നരാജൻ തൂക്കുപാലത്തേക്ക് പോയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസിൽ നിന്നും ഹോം ഗാർഡിനെ വിളിച്ചറിയിച്ച് ഇയാളെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
കുട്ടിയ്ക്ക് കഴിക്കുവാനുള്ള ആഹാരം വാങ്ങുവാനായി ഇറങ്ങിയതാണെന്ന് ചിന്നരാജൻ പറഞ്ഞു.