HomeNewsLatest Newsകലൈഞ്ജർ ഇനി ഓർമ്മ; തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധി അന്തരിച്ചു

കലൈഞ്ജർ ഇനി ഓർമ്മ; തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധി അന്തരിച്ചു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ 10 ദിവസത്തോളമായി ചികില്‍സയിലായിരുന്നു കരുണാനിധി. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകീട്ട് 4.30ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. മരണസമയത്ത് മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഈ വര്‍ഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

ശ്വസനം സുഗമമാക്കുന്നതിനായി കഴുത്തില്‍ ഘടിപ്പിച്ച ട്രക്കിയസ്റ്റമി ട്യൂബ് മാറ്റി സ്ഥാപിക്കാനുള്ള ശസ്ത്രക്രിയയ്ക്കു അദ്ദേഹത്തെ ജൂലൈ 19 ന് വിധേയനാക്കിയിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നു ശ്വസനം സുഗമമാക്കാനായാണ് 2016ല്‍ ശ്വാസനാളിയില്‍ ട്യൂബ് (ട്രക്കിയസ്റ്റമി) ഘടിപ്പിച്ചത്. പിന്നിട്ട ഏതാനും മാസങ്ങളായി കരുണാനിധിയെ ആരോഗ്യപ്രശ്‌നങ്ങള്‍ വലിയ തോതില്‍ അലട്ടിയിരുന്നു. ട്രക്കിയസ്റ്റമി ട്യൂബ് മാറ്റിയതിനു പിന്നാലെ പനിയും മൂത്രനാളിയിലെ അണുബാധയും ബാധിച്ച അദ്ദേഹത്തിന്റെ ചികില്‍സയ്ക്കായി ഗോപാലപുരത്തെ വീട്ടില്‍ ആശുപത്രിക്കു സമാനമായ ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് നില വഷളായതിനെത്തുടര്‍ന്ന് ജൂലൈ 29ന് കാവേരി ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുവെന്ന സൂചന ലഭിച്ചെങ്കിലും തിങ്കളാഴ്ചയോടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

നാഗപട്ടണം ജില്ലയിലെ തിരുകുവളെയില്‍ 1924 ജൂണ്‍ മൂന്നിന് പിന്നാക്ക സമുദായമായ ഇശയ വെള്ളാള വിഭാഗത്തില്‍ ജനിച്ച മുത്തുവേല്‍ കരുണാനിധി ഇ.വി. രാമസ്വാമിയുടെ (പെരിയോര്‍) ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. 1949 ല്‍ സി.എന്‍.അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോള്‍ ഒപ്പം ചേര്‍ന്ന അദ്ദേഹം 1957 ല്‍ കുളിത്തലൈയിലെ ആദ്യ പോരാട്ടത്തില്‍ വിജയിച്ച് എംഎല്‍എയായി. 1961 ല്‍ പാര്‍ട്ടി ട്രഷററായ അദ്ദേഹം 1962 ല്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. 1967 ല്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായി. 1969 ല്‍ അണ്ണാദുരെയുടെ നിര്യാണത്തെത്തുടര്‍ന്ന് ഡിഎംകെ അധ്യക്ഷനും അതേവര്‍ഷം തന്നെ മുഖ്യമന്ത്രിയുമായി.

സിനിമയിലും രാഷ്ട്രീയത്തിലും സുഹൃത്തുക്കളായിരുന്ന കരുണാനിധിയും എംജിആറും 1972 ല്‍ വഴി പിരിഞ്ഞു. 1977 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പിരിച്ചുവിടുന്നതുവരെ കരുണാനിധി അധികാരത്തില്‍ തുടര്‍ന്നു. എഐഎഡിഎംകെയിലൂടെ എംജിആറിന്റെ രാഷ്ട്രീയമുന്നേറ്റം കണ്ട തമിഴകത്ത് എംജിആറിന്റെ മരണശേഷം 1989 ലാണ് കരുണാനിധിയെ തേടി പിന്നീട് മുഖ്യമന്ത്രി സ്ഥാനമെത്തുന്നത്. 1996 – 2001 കാലഘട്ടത്തിലും 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലും വീണ്ടും മുഖ്യമന്ത്രിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments