സുരേഷ് കല്ലടയ്ക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ്; തെളിവെടുപ്പ് പൂർത്തിയായി

67

സുരേഷ് കല്ലടക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പൊലീസ്. സുരേഷ് കല്ലടയ്ക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ ഇയാൾക്ക് മുന്നറിവുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. അറസ്റ്റിലായ ഏഴ് പ്രതികളെയും കല്ലടയുടെ വൈറ്റിലയിലെ ഓഫിസിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയായി. കൊച്ചിയിലെ വൈറ്റിലയിൽ ബസിനുളളിലും പുറത്തുവെച്ച് യാത്രക്കാരെ മർദിച്ച സംഭവത്തിലെ ഗൂഡാലോചനയാണ് പൊലീസ് പരിശോധിക്കുന്നത്. ഇതേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല എന്ന ഉടമ സുരേഷ് കല്ലടയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതിൽ വ്യക്തത വരുത്താനാണ് കസ്റ്റഡയിലുളള ഏഴുപേരെയും ചോദ്യം ചെയ്യുന്നത്.

സുരേഷ് കല്ലടയുടെയും അറസ്റ്റിലായ ജീവനക്കാരുടെയും മൊബൈൽ കോൾ റിക്കാർഡുകൾ അടക്കമുളളവ പരിശോധിക്കുന്നു.സംഭവമുണ്ടായ രാത്രി പന്ത്രണ്ടരക്കും പുലർച്ചേ നാലരയ്ക്കും ഇടയ്ക്ക് നടന്ന ഗൂഡാലോചനയിൽ ഉടമ സുരേഷ് കല്ലടയുടെ പങ്കാളിത്തമോ മുന്നറിവോ സമ്മതമോ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.