എം.എല്‍.എ കെ.വി വിജയദാസ് അന്തരിച്ചു: അന്ത്യം കോവിഡ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട്

43

എം.എല്‍.എ കെ.വി വിജയദാസ് (61) അന്തരിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45ഓടെയാണ് മരിച്ചത്. 2011 മുതല്‍ കോങ്ങാട് എം.എല്‍.എ യാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കൊവിഡ് നെഗറ്റീവായെങ്കിലും ശ്വാസകോശത്തെയും മറ്റും ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡിന് മുകളില്‍ പ്രത്യേക ഐ.സി.യു തയ്യാറാക്കി അതിലാണ് എം.എല്‍.എക്ക് ചികിത്സ നല്‍കിയിരുന്നത്. ഞായറാഴ്ച പക്ഷാഘാതവും ഉണ്ടായതോടെ ആരോഗ്യ നില ആശങ്കാജനകമായി തുടരുകയായിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കാതായതോടെ മെഡിക്കല്‍ ടീം പ്രതീക്ഷ കൈവിട്ടു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കഴിഞ്ഞ ദിവസം തലയില്‍ രക്തസ്രാവം അനുഭവപ്പെട്ട തിനെതുടര്‍ന്ന് ന്യൂറോ സര്‍ജനും, മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ: ആര്‍. ബിജുകൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.