HomeNewsLatest Newsജിഷ വധം: എഡിജിപിയെ മാറ്റി; അന്വേഷണം പുതിയ ദിശയിലേക്ക്

ജിഷ വധം: എഡിജിപിയെ മാറ്റി; അന്വേഷണം പുതിയ ദിശയിലേക്ക്

ജിഷ വധക്കേസ് അന്വേഷണം പുതിയ ദിശയിലേക്ക് വഴിമാറുന്നു. ദക്ഷിണമേഖലാ എഡിജിപി കെ പത്മകുമാറിനെ മാറ്റി ബി സന്ധ്യയെ മേഖലാ എഡിജിപിയാക്കി. പുതിയ അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന ബി സന്ധ്യ വെള്ളിയാഴ്ച രാവിലെ മേഖലാ എഡിജിപിയായി ചുമതലയേറ്റശേഷം പെരുമ്ബാവൂരിലെത്തും. നിലവിലെ അന്വേഷണ സംഘത്തില്‍ കാര്യമായ അഴിച്ചുപണിയുമുണ്ടാകും. ഇതിനായി വനിതാ ഉദ്യോഗസ്ഥരുടെയടക്കം പേരുള്‍പ്പെടുത്തി സന്ധ്യ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന് കത്തുനല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ വെള്ളിയാഴ്ച ഉത്തരവിറങ്ങും. അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയ പട്ടിമറ്റം സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ മുരളിയെ സസ്പെന്‍ഡ് ചെയ്തു.

 

 
പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച സര്‍ക്കാര്‍നടപടി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും സ്വാഗതംചെയ്തു. ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അതിനിടെ, ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നത യുഡിഎഫ് നേതാവിനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്തുവന്നു. എന്നാല്‍, ആരോപണം യുഡിഎഫ് നേതാവ് തള്ളി.

 

 
കേസന്വേഷണത്തില്‍ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ഗുരുതരവീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതുന്ന വസ്ത്രവും ചോരപുരണ്ട കത്തിയും ജിഷയുടെ വീടിനടുത്ത് കണ്ടെന്ന വിവരമറിഞ്ഞിട്ടും അവഗണിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പട്ടിമറ്റം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മുരളിയെ സസ്പെന്‍ഡ് ചെയ്തത്. മഹസര്‍ തയ്യാറാക്കുന്നതുമുതല്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ദഹിപ്പിക്കുന്നതുവരെ വീഴ്ചവരുത്തിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ അന്വേഷണം തുടങ്ങും. ദക്ഷിണമേഖലാ തലപ്പത്തുനിന്ന് ഒഴിവാക്കിയ എഡിജിപി പത്മകുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല. ബുധനാഴ്ച ആദ്യ മന്ത്രിസഭായോഗമാണ് ജിഷ വധക്കേസ് അന്വേഷണത്തിനായി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചത്. കേസന്വേഷണത്തില്‍ പൊലീസിന് വലിയ വീഴ്ചയുണ്ടായതിനാലാണ് പുതിയ സംഘത്തെ നിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments