ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20: ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം

49

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് വീശിയ ലങ്കയെ ഉജ്ജ്വല ബൗളിങിലൂടെ ഒമ്പതു വിക്കറ്റിനു 142 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. മറുപടിയില്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു.

ടോസിനു ശേഷം ലങ്കയെ ഇന്ത്യ ബാറ്റിങിനയക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ ലങ്കയെ ഇന്ത്യ ഒമ്പത് വിക്കറ്റിന് 142 റണ്‍സില്‍ എറിഞ്ഞൊതുക്കി. ലങ്കന്‍ നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 34 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. 28 പന്തില്‍ മൂന്നു സിക്‌സറുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ (22), ധനുഷ്‌ക ഗുണതിലക (20), ധനഞ്ജയ ഡിസില്‍ (17), ഒഷാദ ഫെര്‍ണാണ്ടോ (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍.

ഓപ്പണിങ് റോളില്‍ മിന്നുന്ന ഫോം തുടരുന്ന ലോകേഷ് രാഹുലാണ് (45) ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 32 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ശ്രേയസ് അയ്യര്‍ (34), ശിഖര്‍ ധവാന്‍ (32), നായകന്‍ വിരാട് കോലി (30*) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ജയം അനായാസമാക്കുകയും ചെയ്തു. സിക്‌സറിലൂടെയാണ് കോലി ഇന്ത്യയുടെ വിജയ റണ്‍ നേടിയത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു.