
നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് വർക്കല സ്വദേശി അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. മൂന്ന് മാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകൾക്ക് മുമ്പാണ് ഇരുവരും വർക്കലയിലെ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.