ഉത്തരേന്ത്യയിൽ വൻ പ്രളയക്കെടുതി: 55 മരണം: മറ്റു സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം

314

ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 55 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴക്കെടുതിയില്‍ അസമില്‍ മാത്രം 20 പേരാണ് മരിച്ചത്.

അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാസിരംഗ ദേശീയ പാർക്കിൽ ഇതുവരെ 30 മൃഗങ്ങൾ ചത്തൊടുങ്ങി. ഉയരമുള്ള സ്ഥലത്തേക്ക് മൃഗങ്ങളെ നേരത്തെ മാറ്റിയെങ്കിലും ജലനിരപ്പ് ഉയരുന്നത് ഇവയുടെ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്‍ കര കവിഞ്ഞതോടെ അസം, ബിഹാർ, യുപി സംസ്ഥാനങ്ങളിലെ നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അസമിൽ ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.