പൂജക്കിടെ വായില്‍ കുങ്കുമം നിറച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നാലുവയസ്സുകാരി മരിച്ച സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. കാന്ത വേണുഗോപാലാണ് അറസ്റ്റിലായത്. ബിസിനസ് നഷ്ടത്തിലായതിനെ തുടര്‍ന്ന് പൂജ നടത്താനായി ഭാര്യയെയും രണ്ടു പെണ്മക്കളെയും ഇയാള്‍ ഭാര്യവീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
പൈശാചിക ദോഷങ്ങള്‍ മാറാനായി പൂജ ചെയ്തപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജാമുറിയില്‍ കര്‍മങ്ങള്‍ തുടങ്ങിയ വേണുഗോപാല്‍ മക്കളെ വിളിച്ച് അവരുടെ മേല്‍ മഞ്ഞള്‍വെള്ളം കുടഞ്ഞുതുടങ്ങി. ഇതിനിടെ പെട്ടെന്ന് ഒരു മകളുടെ വായിലേക്ക് കുങ്കുമം കുത്തിനിറക്കുകയും വിഴുങ്ങാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ശ്വാസം മുട്ടിയ മകള്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവളെ ഞെരുക്കിപിടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയായി’ – സംഭവത്തെ കുറിച്ച് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പൊലീസ് അറിയിച്ചു.