രാജ്യത്ത് വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകൾ സജീവം ! ഓൺലൈനായി അപ്ലൈ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

123

കേന്ദ്ര ഗവൺമെന്റ് പലപ്പോഴായി വ്യവസ്ഥകൾ ലഘൂകരിക്കുകയും നടപടിക്രമങ്ങൾ ഓൺലൈനാക്കുകയും ചെയ്തതോടെ,
മുമ്പത്തെപ്പോലെ ഇപ്പോൾ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് അത്ര ബുദ്ധിമുട്ടില്ല. എല്ലാം ഓൺലൈൻ വഴി തന്നെ ലളിതമായി ചെയ്യാവുന്നതാണ്. പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതും ഉള്ളത് പുതുക്കുന്നതും ഇടനിലക്കാരുടെ സഹായമില്ലാതെ ചെയ്യാൻ കഴിയുന്ന കാര്യമായി മാറി. എങ്കിലും ഓൺലൈനിലും പാസ്പോർട്ട് തട്ടിപ്പിന് കുറവൊന്നുമില്ല.

പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയുന്ന ഒരുപാട് വ്യാജ വെബ്സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വെബ്സൈറ്റുകൾ കൂടാതെ വിദേശകാര്യ വകുപ്പുമായി പ്രവർത്തിക്കുന്നു എന്നവകാശപ്പെട്ട് ഒരുപാട് മൊബൈൽ ആപ്ലിക്കേഷനുകളും ഇപ്പോൾ സജീവമായി രംഗത്തുണ്ട്.

പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ‘passportindia.gov.in’ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. ചില സമയങ്ങളിൽ ‘portal2.passportindia.gov.in’ എന്ന പേരിലാണ് ഈ പേജ് ഓപ്പൺ ആവുക, എന്നിരുന്നാലും പേജിന്റെ ഡൊമൈൻ എപ്പോഴും gov.in എന്ന് ആയിരിക്കും. ‘mPassport Seva’ ആണ് പാസ്സ്‌പോർട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ.