സ്ഥാനാർത്ഥികൾ വിതരണം ചെയ്ത വ്യാജ മദ്യം കഴിച്ച രണ്ടുപേർക്ക് ദാരുണാന്ത്യം ! ഒരാളുടെ കാഴ്ച നഷ്ടമായി

17

ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ വിതരണം ചെയ്ത വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. തിഗൽപൂർ ഗ്രാമത്തിൽ ആണ് സംഭവം. സംഭവത്തിൽ ഗ്രാമത്തിലെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോളി ദിവസത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ വോട്ടർമാരെ സ്വാധീനിക്കാനായി മദ്യം വിതരണം ചെയ്തിരുന്നു. ഈ മദ്യം കഴിച്ച സഞ്ജയ് സിംഗ് (30), പ്രേംദാസ് (45) എന്നിവരാണ് മരിച്ചത്. അമർ സിങ്ങ് എന്നയാൾക്ക് കാഴ്ച നഷ്ടപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സഞ്ജയ് സിങ്ങിനെയും പ്രേംദാസിനെയും വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇരുവരും മരിച്ചു. വ്യാജ മദ്യം കഴിച്ച മറ്റു ചിലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.