സെർവറിനു ശേഷിയില്ല; സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ-പോസ് മെഷീനുകള്‍ തകരാറില്‍; റേഷന്‍ വിതരണം നിശ്ചലം

സംസ്ഥാനത്തെ ഇ-പോസ് മെഷീനുകള്‍ കൂട്ടത്തോടെ തകരാറിലായതോടെ റേഷന്‍ വിതരണം പൂര്‍ണമായും നിശ്ചലമായി. സെര്‍വര്‍ തകരാര്‍ സ്ഥിരം സംഭവമായതോടെയാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചത്. ഇതേതുടര്‍ന്ന് കാലവര്‍ഷക്കെടുതിയില്‍ ദുരിത അനുഭവിച്ചവര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ അരിവിതരണവും മുടങ്ങി. തൊഴിലുറപ്പും നിര്‍മാണ മേഖലകളില്‍ പോലും കനത്ത മഴയെ തുടര്‍ന്ന് പണിയില്ലാതെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ റേഷന്‍ വാങ്ങാനെത്തുമ്പോള്‍ ഇ-പോസ് യന്ത്രത്തില്‍ ഒന്നും തെളിയുന്നില്ല. ഇതിന് പിന്നാലെയാണ് സെരവര്‍ പ്രശ്‌നം. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ സെര്‍വറിനു ശേഷിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.

ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കില്‍ മണിക്കൂറുകളുടെ കാത്തിരിപ്പാണ്. സംസ്ഥാനത്ത് നിലവില്‍ പ്രത്യേക സെര്‍വര്‍ സംവിധാനമില്ല. രാജ്യത്തെ മുഴുവന്‍ സെര്‍വറുകളും നിയന്ത്രിക്കുന്നത് ആന്ധ്രയില്‍ നിന്നാണ്. സ്ഥാനത്തെ 8000 റേഷന്‍ കടകള്‍ നിയന്ത്രിക്കാനുള്ള ശേഷിമാത്രമാണ് ഇപ്പോഴുള്ള സെര്‍വറിനുള്ളത്. എന്നാല്‍ നിലവില്‍ 14000 കടകളെങ്കിലും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെയാണ് റേഷന്‍ വിതരണം ഏറെ രൂക്ഷമായത്.