വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്; സ്കൂളുകൾക്ക് കർശന നിർദേശവുമായി സര്‍ക്കാര്‍

സ്കൂൾ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ആര്‍ക്കും കൈമാറരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പൊതു വിദ്യാലയങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുകയാണ് സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സമാനമായ നിര്‍ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് വേണ്ട രീതിയില്‍ പ്രാവര്‍ത്തികമാക്കാത്തത് കൊണ്ടാണ് വീണ്ടും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളോ സംഘടനകളോ വ്യക്തികളോ മല്‍സരങ്ങളോ മത്സര പരീക്ഷകളോ നടത്തരുതെന്നാണ് നിര്‍ദേശം. ക്വിസ് മത്സരങ്ങള്‍, രചന മത്സരങ്ങള്‍, പെയിന്റിംഗ്, സ്വകാര്യ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ തുടങ്ങിയവയെല്ലാം മത്സര ഇനങ്ങളാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ ഓര്‍മപ്പെടുത്തുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് ഇത്തരം ആവശ്യങ്ങളുടെ പേര് പറഞ്ഞ് ഒരു തരത്തിലുള്ള പണ പിരിവും നടത്തുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണം.

അടുത്ത അധ്യയന വര്‍ഷം ലക്ഷ്യം വെച്ച് സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന അവധിക്കാല ക്യാംപ്, പരിശീലന പരിപാടികള്‍ തുടങ്ങിയവക്ക് വിദ്യാര്‍ഥികളുടെ മേല്‍വിലാസം ഒരു കാരണവശാലും നല്‍കരുതെന്ന് സര്‍ക്കുലറില്‍ എടുത്ത് പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ബാനറുകളോ പോസ്റ്ററുകളോ നോട്ടീസുകളോ സ്‌കൂള്‍ കോംപൗണ്ടില്‍ പതിക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.