ശബരിമല: യുവതിപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ; ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല

25

സർക്കാര്‍ നിലപാടിനോടു യോജിച്ച് ശബരിമലയിലെ യുവതീപ്രവേശത്തെ പിന്തുണച്ച് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ‌. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാവില്ലെന്ന് ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. വ്യക്തിക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല. ആർത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ല, എല്ലാ വ്യക്തികളും തുല്യരാണെന്നതാണു മതത്തിന്റെ അടിസ്ഥാനം. യുവതികള്‍ക്കു പ്രവേശനം വിലക്കുന്നത് തുല്യനീതിക്കുള്ള ലംഘനമാണെന്നും രാകേഷ് ദ്വിവേദി വാദിച്ചു. അതിനിടെ, രാകേഷ് ദ്വിവേദിയുടെ നിലപാടുമാറ്റത്തെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം ചെയ്തു. യുവതീപ്രവേശത്തെ നിങ്ങൾ എതിർത്തിരുന്നുവല്ലോയെന്ന് അവർ ചോദിച്ചു. കോടതി വിധിയെ തുടര്‍ന്നാണ് നിലപാട് മാറ്റുന്നതെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി.

അതേസമയം, ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുല്യതയാണു വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അതു പുനഃപരിശോധനയ്ക്ക് തക്ക കാരണമല്ല. വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും അദ്ദേഹം വാദിച്ചു.