തമിഴ്നാട്ടിൽ ആശുപത്രിയിൽ നിന്നും കോവിഡ് രോഗിയെ അറിയാതെ ഡിസ്ചാർജ് ചെയ്തു: കണ്ടെത്താനാവാതെ അധികൃതർ

27

സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് പോസിറ്റീവായ ഡൽഹി സ്വദേശിയെ കണ്ടെത്താനായില്ല. പുണ്യമ്പാക്കത്തെ സർക്കാർ ആശുപത്രിയിൽ നിന്നാണ് രോഗം സ്ഥിരീകരിച്ച നാല് പേരെ ഡോക്ടർമാർ വിട്ടയച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഐസൊലേഷനിൽ കഴിയുന്ന 26 പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ഇവരെ വീടുകളിലേക്ക് മടക്കി വിടാൻ തീരുമാനിച്ചു. ഇക്കൂട്ടത്തിലാണ് കൊവിഡ് രോഗികളെയും വിട്ടയച്ചത്. ഏറെ വൈകിയാണ് രോഗികൾ കൂടി പുറത്തു പോയത് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

മൂന്നു പേരെ തിരികെ എത്തിച്ചെങ്കിലും ഇതര സംസ്ഥാന തൊഴിലാളിയായ രോഗിയെ കണ്ടെത്താൻ കഴിയാത്തത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. തെരച്ചിലിനായി പൊലീസിന്റെ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.