ഉജ്ജയിനിയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആർഎസ്എസ് ആക്രമണം; നഴ്സുമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും മര്‍ദ്ദനം

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ആര്‍എസ്‌എസ്-ബിജെപി സംഘത്തിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി തകര്‍ക്കാന്‍ ശ്രമം. ഉജ്ജയിനിയില്‍ പ്രവര്‍ത്തിക്കുന്ന പുഷ്പ മിഷന്‍ ആശുപത്രിയുടെ ഗേറ്റും മതിലുമാണ് 60 പേരടങ്ങുന്ന ഗുണ്ടാം സംഘം പൊളിച്ചത്. ജെസിബി ഉപയോഗിച്ച്‌ ഇടിച്ചു തകര്‍ത്ത് സ്ഥലം കൈയ്യേറാന്‍ ശ്രമിക്കുകയായിരുന്നു.

മാരകായുധങ്ങളും ജെസിബിയുമായെത്തിയ എത്തിയ സംഘം ഇന്നു രാവിലെ 9.30 ഓടെയാണ് ആശുപത്രി ആക്രമിച്ചത്. ആശുപത്രിയുടെ ഗേറ്റുകളും ജനറേറ്ററുകളും തകര്‍ത്ത ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗങ്ങളിലേക്ക് ഉള്‍പ്പടെയുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങള്‍ വിഛേദിച്ചു. വാഹനഗതാഗതം തടസപ്പെടുത്തുവാന്‍ ഗേറ്റിനു സമീപം വലിയ കുഴികള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥലത്തെ എംപിയും ബിജെപി നേതാവുമായ ചിന്താമണിയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. കത്തികള്‍, സൈക്കിള്‍ ചെയിനുകള്‍ ഉള്‍പ്പടെ മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയത്. എതിര്‍ക്കാന്‍ ശ്രമിച്ച നഴ്‌സുമാരുടെ സംഘത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ആശുപത്രിക്കു നേരെ അക്രമം നടന്ന വിവരം രാവിലെ തന്നെ പോലീസില്‍ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസോ മറ്റ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്നു ഉജ്ജയിന്‍ രൂപത മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ. വിനീഷ് മാത്യു പറഞ്ഞു.