നിഷ സാരംഗിന്റെ വെളിപ്പെടുത്തൽ; ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഉപ്പും മുളകിന്റെയും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി. ശനിയാഴ്ച വൈകുന്നേരമാണ് ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നിഷാ സാരംഗ് രംഗത്ത് വന്നത്. തുടര്‍ന്ന് നിഷ സാരാംഗിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിഷയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നാണ് ചാനല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, സംവിധായകനെ മാറ്റാതെ പരമ്പരയില്‍ അഭിനയിക്കില്ല എന്ന നിലപാടിലാണ് നിഷ സാരംഗ്.

സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും നിഷ പറയുന്നു. സീരിയിലിന്റെ സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താന്‍ അതിനെ വിലക്കിയിരുന്നു. ഉപ്പും മുളകും സീരിയില്‍ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാള്‍ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി. അതുകൊണ്ട് ഉപ്പും മുളകില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാല്‍ ചാനല്‍ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാന്‍ അമേരിക്കയില്‍ നടന്ന അവാര്‍ഡ് ഷോയ്ക്ക് പോയതെന്നും നിഷ വിശദീകരിക്കുന്നു.

താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗതര്‍ എന്ന പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം കഴിച്ച വ്യക്തിയാണ് താന്‍. പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധായകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയതെന്നും നിഷാ സാരംഗ് പറയുന്നു.

മുന്‍പ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാന്‍ വരും. മോശമായ വാക്കുകള്‍ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകള്‍ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടീ പോടി എന്ന് തുടങ്ങി മോശം വാക്കുകള്‍ വരെ വിളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശ്രീകണ്ഠന്‍ സാറിന് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാര്‍ണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാന്‍ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത്.

ലൊക്കേഷനില്‍ വെച്ച് പലതവണ സംവിധായകന്‍ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പല തവണ പരാതി നല്‍കിയിരുന്നു. എം.ഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. സംഘടനകളില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് എല്ലാം സഹിച്ചത്. നിഷവെളിപ്പെടുത്തുന്നു.