കോവിഡ്: സംസ്ഥാനത്ത് ബാറുകളും വിദേശമദ്യ ശാലകളും അടച്ചിടും: ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ

16

സംസ്ഥാനത്ത്ബാറുകളും വിദേശമദ്യ ശാലകളും തല്ക്കാലത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർകക്ഷിയോഗത്തിന്റേതാണ് തീരുമാനം. ഇന്ന് വൈകുന്നേരം മുതൽ തീരുമാനങ്ങൾ നിലവിൽ വരും. സർക്കാർ,സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈൻ മതിയെന്ന് തീരുമാനിച്ചു. വിദ്യാർഥികൾ താമസിക്കുന്ന ഹേസ്റ്റലുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, പാർക്കുകൾ എന്നിവയും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മാർക്കറ്റുകളും മാളുകളും രണ്ടുദിവസം പൂർണമായും അടച്ചിടും. രാത്രി 7.30 വരെയാണ് കടകൾക്കും റെസ്റ്റോറന്റുകൾക്കും തുറന്ന് പ്രവർത്തിക്കാനുളള അനുമതി. എന്നാൽ രാത്രി 9 വരെ റെസ്റ്റോറന്റുകൾക്ക് ഭക്ഷണം പാഴ്സലായി നൽകാം.

ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പളളികളിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുളളൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം ഇതിലും ചുരുക്കണം.