ലോകകപ്പ്: ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ജയം; വെസ്റ്റിൻഡീസിനെ തറപറ്റിച്ചു

105

വെസ്റ്റ് ഇന്‍ഡീസിനെ പതിനഞ്ച് റണ്‍സകലത്തില്‍ എറിഞ്ഞിട്ട് ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 49 ഓവറില്‍ 288 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ അവസാനം വരെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും വിന്‍ഡീസ് പോരാട്ടം നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സില്‍ അവസാനിച്ചു.

വിന്‍ഡീസിനായി ഷായ് ഹോപ്പ് (105 പന്തില്‍ 68), ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ (55 പന്തില്‍ 51) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. അര്‍ധസെഞ്ചുറിയുമായി ഓസീസിനെ ബാറ്റിങ് തകര്‍ച്ചയില്‍നിന്നു കരകയറ്റിയ നേഥന്‍ കോള്‍ട്ടര്‍നീലാണ് (60 പന്തില്‍ 92) കളിയിലെ കേമന്‍. ലോകകപ്പില്‍ ഓസീസിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. വിന്‍ഡീസിന്റെ ആദ്യ തോല്‍വിയും.

ഈ ലോകകപ്പിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസ് ബാറ്റിങ് നിരയെ പിടിച്ചുലച്ചു കളഞ്ഞത്. ഓപ്പണര്‍ എവിന്‍ ലൂയിസ് (ഒന്ന്) ഒഴികെയുള്ളവരെല്ലാം ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയെങ്കിലും അവസാന ഓവര്‍ വരെ പിടിച്ചുനില്‍ക്കാന്‍ ആളില്ലാതെ പോയതാണ് വിന്‍ഡീസിന് തിരിച്ചടിയായി.