ബിജെപിയിലേക്ക് പോയ മകൻ അനിലിനെ, കൃപാസനത്തിലെ ഉടമ്പടിയിലൂടെ പ്രാർഥിച്ചതിന്റെ ഫലമായി എകെ ആന്റണി സ്വീകരിച്ചെന്ന് സാക്ഷ്യപ്പെടുത്തി ഭാര്യ എലിസബത്ത്. കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായെന്നും എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി.
2022 ൽ കോവിഡ് രോഗശാന്തിക്കു വേണ്ടിയാണ് ആദ്യമായി ഉടമ്പടിയെടുത്തതെന്നും ഗുരുതരമായിരുന്ന രോഗം ഭേദമായെന്നും വീഡിയോയിൽ പറയുന്നു. മകന്റെ രാഷ്ട്രീയ പ്രവേശനത്തിലുള്ള തടസ്സം മാറ്റാനാണ് രണ്ടാമതും നിയോഗം വെച്ചത്. അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയത് എ കെ ആന്റണിക്ക് ഷോക്ക് ആയിരുന്നെങ്കിലും അനിലിനെ അദ്ദേഹം സ്വീകരിച്ചു. കൃപാസനത്തിലെ പ്രാർത്ഥനയിലൂടെയാണ് മകന്റെ ബി ജെ പി പ്രവേശത്തിന് അനുമതി ലഭിച്ചത്. കൃപാസനത്തിലെ വൈദികനാണ് ബി ജെ പി പ്രവേശനത്തിന് അനുമതി നൽകിയത്. അതുവരെ ബി ജെ പിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറിയെന്നും എലിസബത്ത് പറഞ്ഞു.
കൃപാസനം പ്രാർത്ഥാന ചടങ്ങിന്റെ ഭാഗമായ അനുഭവസാക്ഷ്യം പറച്ചിലിന്റെ ഭാഗമായാണ് എലിസബത്ത് ഇതു പറഞ്ഞത്. എ കെ ആൻറണിയുടെ ആരോഗ്യം വീണ്ടെടുത്തതും ആത്മവിശ്വാസം തിരികെ ലഭിച്ചതും കൃപാസനത്തിലെ ഉടമ്പടിയിലൂടെയാണ്. ബിജെപിയിൽ മകന് നിരവധി അവസരങ്ങൾ ലഭിക്കും എന്നെല്ലാം വീഡിയോയിൽ ആന്റണിയുടെ ഭാര്യ പറയുന്നുണ്ട്. പ്രാർത്ഥനയ്കക്കിടെ അനുഭവസാക്ഷ്യം പങ്കുവെക്കുന്ന എലിസബത്തിന്റെ വീഡിയോ കൃപാസനം അധികൃതരാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിട്ടത്.