വയനാട് ചിത്രമൂലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം; കൊട്ടത്തോണി മറിഞ്ഞു 4 പേരെ കാണാതായി

വയനാട് ചിത്രമൂലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊട്ടത്തോണി മറിഞ്ഞു. 4 പേര്‍ ഒഴുക്കില്‍പ്പെട്ടു. അതേസമയം സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുള്ള ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 20 ആയി. കനത്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20 പേര്‍ മരിച്ചത്. പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഏഴ് പേരെ കാണാനില്ല.

ഇടുക്കിയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പുലര്‍ച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഒരാള്‍ മരിച്ചത്. കീരിത്തോട് പെരിയാര്‍ വാലിയില്‍ ഉരുള്‍പൊട്ടി ദമ്പതികള്‍ മരിച്ചു. മുരിക്കാശേരിക്ക് സമീപം ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. മലപ്പുറം നിലമ്പൂരില്‍ ഉരുള്‍പ്പൊട്ടി അഞ്ച് മരണം. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. ചാലിയാര്‍, കടലുണ്ടി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വയനാട് ചുരവും കുറ്റ്യാടി ചുരവും വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈത്തിരിയില്‍ പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടി. ലക്ഷംവീട് കോളനിയില്‍ വീടിനുമുകളില്‍ മണ്ണിടഞ്ഞ് ഒരാള്‍ മരിച്ചു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പാലക്കാട് ജില്ലയിലും കനത്ത മഴ തുടരുന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പോത്തുണ്ടി ഡാമും തുറന്നുവിട്ടു. കല്‍പാത്തിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

കണ്ണൂരില്‍ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൊട്ടിയൂര്‍, ആറളം, കേളകം മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങി. ജില്ലയുടെ മലയോരങ്ങളില്‍ കനത്ത മഴയും മഴക്കെടുതിയും തുടരുന്നു. കൊട്ടിയൂര്‍, ചുങ്കക്കുന്ന്, കേളകം, കണിച്ചാര്‍, പേരാവൂര്‍, കോളയാട് മേഖലകളില്‍ തുടരുന്ന മഴ കനത്ത നാശം വിതയ്ക്കുന്നു. കേളകം കൊട്ടിയൂര്‍ മലയോര ഹൈവേയില്‍ വെള്ളം കയറി. കൊട്ടിയൂര്‍ ടൗണിനടുത്ത് മണ്‍തിട്ട ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.