ചെന്നൈയില്‍ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ ബംഗാൾ സ്വദേശിനിയായ 18 വയസ്സുകാരിയെ പീഡിപ്പിച്ചു. കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
മാധവാരത്തുള്ള ബന്ധുവീട്ടിൽ പോകുന്നതിനായി സേലത്ത് നിന്നു ബസിൽ കിലാമ്പാക്കത്ത് തിങ്കളാഴ്ച രാത്രി വന്നിറങ്ങിയതായിരുന്നു യുവതി. മാധവാരത്തേക്കുള്ള വാഹനത്തിനായി ജിഎസ്ടി റോഡിൽ കാത്തുനിൽക്കുന്നതിനിടെ അതുവഴി എത്തിയ ഓട്ടോ ഡ്രൈവർ അവരെ ലക്ഷ്യസ്ഥാനത്ത് ഇറക്കാമെന്ന് അറിയിച്ചു. യുവതി വിസമ്മതിച്ചെങ്കിലും ഡ്രൈവർ അവരെ ബലം പിടിച്ചു വാഹനത്തിനകത്തേക്ക് കയറ്റി ഓടിച്ചു പോവുകയായിരുന്നു. ഇതിനിടെ ഡ്രൈവറുടെ സുഹൃത്തുക്കളും ഓട്ടോയിൽ കയറി.
തുടർന്നു യുവതിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം എല്ലാവരും ചേർന്നു പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി ബഹളം വച്ചതിനെ തുടർന്ന് പരിസരവാസികൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഓട്ടോയെ പിന്തുടരാൻ ആരംഭിച്ചതോടെ പ്രതികൾ യുവതിയെ വഴിയിൽ ഉപേക്ഷിച്ചു കടന്നു.സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.